അമ്മിണി

നൃത്തം വില്‍ക്കും പോലെ
സംഗീതം വില്‍ക്കും പോലെ
ശരീരം വിറ്റ് നീ സ്വാതന്ത്ര്യപ്പെടുന്നു.
നിനക്ക് ഇഷ്ടമുള്ളയാള്‍ക്ക്
ഇഷ്ടമായ വിലയ്ക്ക്.

കുട്ടപ്പന്
ഉടച്ചുകളയാനുള്ള
ശിലയല്ല നീ.

മക്കള്‍ക്ക്
കറന്ന്, ചവിട്ടിപ്പുറത്താക്കാനുള്ള
അകിടുമല്ല
മാതൃത്വവും ഭാര്യാത്വവും
വണ്‍വേയെന്ന്
നാല്പതില്‍ തിരിഞ്ഞ ചൂടാണ്
വിശപ്പാറ്റാനും
വിവസ്ത്രയാകാനും
ഇന്ന് നിനക്ക് വിലക്കില്ല.

പാതിരായ്ക്കുയര്‍ന്ന കൊടിക്കു കീഴെ
നിര്‍വ്വചനങ്ങള്‍ തിരുത്തി വാര്‍ത്ത്
സ്വയം തിരിച്ചെടുക്കപ്പെട്ട്
സ്വപ്നങ്ങളിലേയ്ക്ക് പരിവര്‍ത്തിച്ച്
വാക്കൊടുങ്ങുമ്പോഴും
വായിക്കാന്‍ ബാക്കിയായ
വാചകം പോലെ നീ
- അമ്മിണി.

0 comments: