ഇടം

അക്കരയ്ക്കില്ല ഞാന്‍
കായല്‍ക്കിനാവിന്റെ വക്കത്ത്
വാക്കിന്റെ തീയൂതി നിന്നിടാം
തീരത്തിലിറ്റുന്ന നേര്‍രേഖയായ്
കാല മോരുന്ന വാഴ്‌വിന്റെ വീര്യം കുറിച്ചിടാം
മുത്തശ്ശിപാടും പഴമ്പാട്ടില്‍ നിന്നൊരു
മുത്തെടുത്തുള്ളില്‍ കൊളുത്തിക്കിടന്നിടാം
പച്ചകള്‍ പൂക്കുന്ന പാടത്ത് നെഞ്ചിലെ
സ്വപ്നങ്ങളൊക്കെയും നട്ട് നാവേറിടാം

അക്കരയ്ക്കില്ല ഞാന്‍
കണ്ണുനീട്ടേണ്ട നീയിക്കരെ
കണ്ണാന്തി കോലമിട്ടങ്ങനെ

അച്ഛന്‍ നമിച്ചിട്ടതെച്ചിയില്‍ സൂര്യന്റെ
രക്തം കുറിക്കുന്ന വീറുകളങ്ങനെ
അമ്മയ്ക്ക് കൂട്ടായ് നിരന്ന മുക്കുറ്റിയില്‍
അമ്മിഞ്ഞ നേദിച്ച ജീവിതമങ്ങനെ

അക്കരയ്ക്കില്ല ഞാന്‍
എന്റെ നാരായത്തീച്ചൂടെഴും
കാവിന്റെ നേരു വിട്ടാവഴി

0 comments: