വായന

0 comments
വാക്കിനുള്ളില്‍ രൂപമായ് വന്ന്
വിരാട് രൂപമായ് വന്ന്
എന്റെ നേരിലേയ്‌ക്കെയ്യുന്നു
ചിന്തുകള്‍

താളസാധ്യമാം ജന്മം
തളിര്‍ക്കുന്ന
താരുടല്‍ ഭാവമാര്‍ന്ന്
തിമിര്‍ക്കുന്നു
ആത്മബോധത്തിനൂര്‍ജ്ജ-
മാണീക്കടല്‍
കാടിരമ്പമാണീ ചോലയോട്ടവും
ഏത് ജീവിതപ്പാടുമെന്‍
നെഞ്ചിലേയ്‌ക്കെയ്ത്
ചിഹ്നം മുഴക്കുന്നു വായന

പിതൃമൊഴി

0 comments
മൗനമൊടുക്കുക
രാക്കടല്‍ വറ്റിച്ച് താരകള്‍
ചിന്നി വിളിയ്ക്കുന്നു പോരിക
നിന്റെ നേരായ നാരായ വീഥിയില്‍..
കെട്ട് തീരാക്കനല്‍ക്കനപ്പായി നീ
കാത്തിരിക്കുന്ന സങ്കടപ്പാച്ചിലില്‍
നേര്‍ക്ക് വാക്കിന്റെ വേരായി നില്‍ക്കുക.
ചത്ത ചൊല്ലിന്റെ നാവുകള്‍ മുറിച്ചു നീ
പട്ടടയ്ക്ക് വിളമ്പിക്കൊടുക്കുക.
ചോരചാറി വിരിയും വിതാനങ്ങള്‍
നീര്‍ത്തിയിട്ട് നിലപാട് കൊള്ളുക
അമ്മയുണ്ട് നിന്‍കൂടെ നടക്കുവാന്‍
കെട്ടടങ്ങാത്ത വേവുകള്‍ നിന്‍തുണ.

നിഴല്‍ത്തോറ്റം

0 comments
നിഴലുകളുടെ തേരോട്ടത്തില്‍
നിറമേഴും കെട്ടുതുടങ്ങി
പൊരുളറിയാ വഴിയില്‍ ജന്മം
നിലയറ്റൊരു പാഴ്‌വാക്കായി
ഈണങ്ങള്‍ മരിച്ചൊരു പാട്ടില്‍
ചാപിള്ളയെടുത്തണിയുന്നു.
താരാട്ടിന്‍ രുചിയറിയാത്തോ-
രെന്‍ കുഞ്ഞിന്‍ നാവുകള്‍ തോറും
വാക്കിന്റെ ഇടം തേടാനി-
ന്നെന്‍ കണ്ണിന് പൂത്തിരി വേണ്ട.
വാക്കിന്റെ കളം ചാടാനി-
ന്നെന്‍ കാലിന് മേളം വേണ്ട
കാലത്തിന്‍ തേരുരുളുന്നത്
കണ്ണില്ലാ പെരുവഴി തോറും
വാക്കിന്റെ പൊരുളുണരുന്നത്
പശിമണ്ണിന്നിടവഴി തോറും
പോരുക

മായികം

0 comments
മൗനമുദ്രിതം അര്‍ത്ഥസമ്പുഷ്ടം
വൈയ്യാ കരണത്തിലൊതുങ്ങാതെ
കരണപ്രകരണം.
അതുനീ കാലസാക്ഷിണി
നെഞ്ചില്‍ കാളും കനലില്‍
വീര്‍പ്പിട്ടിതാ ഉണലിന്‍ തിടുക്കങ്ങള്‍

ശാന്തമായ് കടന്നേറി
ക്ഷോഭങ്ങള്‍ കൊളുത്തുമ്പോള്‍
പിളര്‍ന്ന വാക്കാകുന്നു
ചിന്തയും മനക്കെട്ടും
'നേതി നേതി' യെന്നോതി
ചുവരില്‍ മുത്തച്ഛന്റെ
കടല്‍ക്കണ്ണിളക്കത്തിന്‍
മായാത്ത നിഴല്‍ച്ചിത്രം

കിടപ്പ്

0 comments
മദമൊടുങ്ങി
കടലൊടുങ്ങി
മനമിറങ്ങിക്കിടപ്പായി
ദുരിതകാലം വാച്ചുവച്ച
വറുതിക്കയ്യില്‍
ചിലരടക്കം പറയുന്നു
ചിലരൊടുക്കം പുലമ്പുന്നു
പറയാത്ത ശരിയെങ്ങോ കലങ്ങീടുന്നു.
കിതപ്പാറ്റിക്കിടക്കുന്നു.
വലത് വെന്ത തേന്‍കുടങ്ങള്‍
ഇടത് ശാന്തം നിലാനിദ്രപള്ളികൊള്ളുന്നു.
ഇടയ്ക്കുള്ളീക്കുതിപ്പില്‍ ഞാ-
നെണ്ണിയൂട്ടും കിനാപ്പൂക്കള്‍-
ക്കിടം കിട്ടാതുഴറുമീ വര്‍ത്തമാനത്തില്‍
കണക്കെങ്ങോ കൊളുത്തുന്നു.
നിലാനിദ്ര ചിണുങ്ങുന്നു.
ഇടത്തോട്ട് ചരിഞ്ഞു ഞാന്‍
-മോളുറങ്ങുന്നു.ഇടത്തോട്ടു ചരിഞ്ഞു ഞാന്‍ മോളുറങ്ങുന്നു.

കാത്തിരിപ്പ്

0 comments
കാത്തിരിപ്പേന്‍
നിനക്കായ് കടുക്കുന്ന
ജീവിതത്തിന്റെ സൂര്യയാനത്തില്‍ ഞാന്‍
കാളി നില്‍ക്കുമീ ചൂടില്‍
നിലാവിന്റെ നേര്‍ത്തതട്ടം
പകുത്തെത്തിടും വരെ
ഓര്‍മ്മതോറും കനച്ച ചോരച്ചാലില്‍
നീള്‍വഴി തന്ന വേദനപ്പാടുകള്‍
സന്ധിയില്ലാതെ വെന്ത് വീഴും
കിനാപ്പച്ച മേഘങ്ങള്‍
കിതയ്ക്കുന്ന വര്‍ത്തമാനക്കടല്‍ക്കോളുകള്‍
പേര് പോലും
തിരിക്കുന്നു നമ്മളെ
പേരിനിത്രയും വീറോ
വിരോധമോ ?
നാളെ (?) ഓര്‍ക്കുകില്‍
തിട്ടമെഴാച്ചുഴിച്ചാല് കീറി
കൊളുത്തെറിഞ്ഞങ്ങനെ...
അന്തമെഴാത്ത ഭയങ്ങളായ്
ചിന്തയില്‍ സങ്കടങ്ങള്‍ തന്‍
ആര്‍ത്തലപ്പങ്ങനെ...
കാത്തിരിപ്പേന്‍
നിനക്കായ് കടുക്കുന്ന
ജീവിതത്തിന്റെ സൂര്യയാനത്തില്‍ ഞാന്‍

കറുത്തവള്‍

0 comments
കാടുപോലെ കിനാക്കള്‍ ചുമന്ന്
ആറ്റിലൂടെ കടന്നുവന്നെന്നോ
തോറ്റുപോയൊരീ ജീവന്റെ വക്കില്‍
തേക്കുപാട്ടിന്റെ ഈണം പകര്‍ന്നോ
കാഞ്ഞിരക്കയ്പ് ചൂഴുമീമെയ്യില്‍
തേനൊലിച്ചുണ്ട് ചേര്‍ത്തുവെച്ചെന്നോ
നെഞ്ചിലാരോ കെടുത്തും കനല്‍ച്ചി-
ല്ലൂതി യൂതി ത്തെളിച്ചെടുത്തെന്നോ
വാക്കുപോലും വിറയ്ക്കുന്ന കാലം
തോറ്റി വാക്കിന്റെ വാളയിയെന്നോ
ഞാറ്റുവേലയായ് കാവിലെകാറ്റായ്
നേരിലാളുന്ന കാഴചയായെന്നോ

നിന്റെ മെയ്യില്‍ കറുപ്പിന്റെ കാളി
നിന്റെ കണ്ണില്‍ കിനാവിന്റെ കാളല്‍

എന്റെ ചങ്കിലേയ്ക്കീയൊഴുക്കെന്നോ
ചോര പോലും കറുപ്പിച്ചുവെന്നോ.

ഇടം

0 comments
അക്കരയ്ക്കില്ല ഞാന്‍
കായല്‍ക്കിനാവിന്റെ വക്കത്ത്
വാക്കിന്റെ തീയൂതി നിന്നിടാം
തീരത്തിലിറ്റുന്ന നേര്‍രേഖയായ്
കാല മോരുന്ന വാഴ്‌വിന്റെ വീര്യം കുറിച്ചിടാം
മുത്തശ്ശിപാടും പഴമ്പാട്ടില്‍ നിന്നൊരു
മുത്തെടുത്തുള്ളില്‍ കൊളുത്തിക്കിടന്നിടാം
പച്ചകള്‍ പൂക്കുന്ന പാടത്ത് നെഞ്ചിലെ
സ്വപ്നങ്ങളൊക്കെയും നട്ട് നാവേറിടാം

അക്കരയ്ക്കില്ല ഞാന്‍
കണ്ണുനീട്ടേണ്ട നീയിക്കരെ
കണ്ണാന്തി കോലമിട്ടങ്ങനെ

അച്ഛന്‍ നമിച്ചിട്ടതെച്ചിയില്‍ സൂര്യന്റെ
രക്തം കുറിക്കുന്ന വീറുകളങ്ങനെ
അമ്മയ്ക്ക് കൂട്ടായ് നിരന്ന മുക്കുറ്റിയില്‍
അമ്മിഞ്ഞ നേദിച്ച ജീവിതമങ്ങനെ

അക്കരയ്ക്കില്ല ഞാന്‍
എന്റെ നാരായത്തീച്ചൂടെഴും
കാവിന്റെ നേരു വിട്ടാവഴി

ബുള്ളറ്റിന്‍ 2000

0 comments
പ്ലാസ്റ്റിക് കൂടുകളില്‍
വാറ്റിയ ജനാധിപത്യവുമായി
തെരഞ്ഞെടുപ്പ് ഊരുകളിലേക്ക്
മലകയറി വന്നു.
സ്വന്തമായി മണ്ണില്ലാത്തവനനും
പെണ്ണില്ലാത്തവനും
പേറ്റന്റിന്റെയും സൈബര്‍നാഗരികതയുടെയും
മഹാവാക്യങ്ങളില്‍ കുഴഞ്ഞ് കണ്ണുതള്ളി
അരാഷ്ട്രീയ ബുദ്ധിജീവികള്‍
ആദിവാസിയുടെ റൂട്ടനേ്വഷിച്ച്
ചൊവ്വയില്‍ കുടിയേറി
വര്‍ത്തമാനവും ഭാവിയും
തിന്തകത്തോം തിന്തകത്തോം

വാര്‍ത്ത:-
തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.
99.99 % പോളിംഗ്
കാഴ്ചപ്പെട്ടിയില്‍ തെളിഞ്ഞത്
കരഞ്ഞ് കലങ്ങിയ പതാക.

അമ്മിണി

0 comments
നൃത്തം വില്‍ക്കും പോലെ
സംഗീതം വില്‍ക്കും പോലെ
ശരീരം വിറ്റ് നീ സ്വാതന്ത്ര്യപ്പെടുന്നു.
നിനക്ക് ഇഷ്ടമുള്ളയാള്‍ക്ക്
ഇഷ്ടമായ വിലയ്ക്ക്.

കുട്ടപ്പന്
ഉടച്ചുകളയാനുള്ള
ശിലയല്ല നീ.

മക്കള്‍ക്ക്
കറന്ന്, ചവിട്ടിപ്പുറത്താക്കാനുള്ള
അകിടുമല്ല
മാതൃത്വവും ഭാര്യാത്വവും
വണ്‍വേയെന്ന്
നാല്പതില്‍ തിരിഞ്ഞ ചൂടാണ്
വിശപ്പാറ്റാനും
വിവസ്ത്രയാകാനും
ഇന്ന് നിനക്ക് വിലക്കില്ല.

പാതിരായ്ക്കുയര്‍ന്ന കൊടിക്കു കീഴെ
നിര്‍വ്വചനങ്ങള്‍ തിരുത്തി വാര്‍ത്ത്
സ്വയം തിരിച്ചെടുക്കപ്പെട്ട്
സ്വപ്നങ്ങളിലേയ്ക്ക് പരിവര്‍ത്തിച്ച്
വാക്കൊടുങ്ങുമ്പോഴും
വായിക്കാന്‍ ബാക്കിയായ
വാചകം പോലെ നീ
- അമ്മിണി.